കോഴിക്കോട് നഗരത്തിനടുത്തു തന്നെ ചെറുകുളത്ത് ഒരു കളരിഭഗവതിക്ഷേത്രമടങ്ങുന്ന സ്ഥലം അതിന്‍റെ ഉടമസ്ഥര്‍ ട്രസ്റ്റിനു കൈമാറിയിട്ടുണ്ട്. അവിടെയുള്ള ക്ഷേത്രസങ്കേതങ്ങള്‍ സമ്പ്രദായശുദ്ധിയോടെ നടത്തുന്നതിനൊപ്പം രോഗാതുരരായും അപകടങ്ങള്‍ സംഭവിച്ചും മറ്റും പരാശ്രയത്തില്‍ കഴിയുന്നവരും സമൂഹത്തിന്‍റെ ശ്രദ്ധ അര്‍ഹിക്കുന്നവരുമായവര്‍ക്കുള്ള ഒരു സേവാകേന്ദ്രം ആരംഭിക്കണം എന്നു സങ്കല്പിച്ചിരുന്നു. ഇതിനാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങേണ്ടതുണ്ട്.
കോഴിക്കോട് നഗരത്തിനടുത്തുതന്നെ ‘മാത്തറ’യില്‍ ഒരു സ്ഥലവും വീടും ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിനു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സനാതനധര്‍മപഠനകേന്ദ്രവും ദരിദ്രരായ രോഗികള്‍ക്കു വിശേഷിച്ച് ആശ്രയിക്കത്തക്കവിധം അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളുള്ള ഒരു സൗജന്യ ഡിസ്പെന്‍സറിയും സ്ഥാപിച്ചുനടത്തണമെന്നാണു സങ്കല്പിച്ചിരിക്കുന്നത്.
കൊളത്തൂരില്‍ അദ്വൈതാശ്രമത്തിന്‍റെ സമീപമായി ഒരു സ്ഥലം ആശ്രമവുമായി ബന്ധപ്പെടുന്ന ഒരു ഭക്തന്‍ വാങ്ങി സമര്‍പ്പിച്ചിരിക്കുന്നു. തീര്‍ത്തും നിരാലംബരായ വൃദ്ധജനങ്ങളെ താമസിപ്പിച്ചുകൊണ്ടുള്ള ഒരു കേന്ദ്രം ഇവിടെ തുടങ്ങണമെന്നാണു സങ്കല്‍പിക്കുന്നത്.

വിപുലമായ ലക്ഷ്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന അദ്വൈതാശ്രമത്തിന്‍റെയും അനുബന്ധസ്ഥാപനങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും സജ്ജനങ്ങളുടെ സഹയോഗം പ്രത്യേകം ക്ഷണിക്കുന്നു. എത്രയോ മഹാത്മാക്കളുടെ സങ്കല്പാനുഗ്രഹങ്ങള്‍ നമുക്ക് എന്നും ഉണ്ടായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: സെക്രട്ടറി, ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്, അദ്വൈതാശ്രമം, കൊളത്തൂര്‍- 673315.