1992 ഒക്ടോബറിലാണ് കൊളത്തൂരില്‍ അദ്വൈതാശ്രമം സ്ഥാപിതമായത്. ശ്രീ വല്ലോറക്കാവ് ക്ഷേത്രവും അതിനോടനുബന്ധിച്ച സ്ഥലവും ഉടമസ്ഥനായിരുന്ന ശ്രീ മംഗലശ്ശേരി നാരായണസ്വാമി, സ്വാമി ചിദാനന്ദ പുരിയുടെ രക്ഷാധികര്‍തൃത്വത്തില്‍ രൂപീകൃതമായ ശ്രീ വല്ലോറക്കാവ് ക്ഷേത്രസമിതിക്ക് ദാനമായി നല്കിയ സാഹചര്യത്തിലാണ് സമിതിയുടെ ഒരു ഘടകമായി അദ്വൈതാശ്രമം നിലവില്‍വന്നത്.

അതിപ്രാചീനകാലത്ത് ഏറെ പ്രസിദ്ധമായ ഒരു പ്രദേശമായിരുന്നു കൊളത്തൂര്‍. ഈ ഗ്രാമത്തിന്‍റെ കേന്ദ്രമായ ശ്രീ കൊളത്തൂരപ്പന്‍ ക്ഷേത്രത്തില്‍ നിലനില്ക്കുന്ന കൊളത്തൂര്‍ ലിഖിതം എന്നു പ്രസിദ്ധമായ ശിലാലിഖിതത്തെ പ്രസിദ്ധചരിത്രഗവേഷകരായ  പ്രൊഫ. ഡോ. എം.ജി.എസ്.നാരായണന്‍, പ്രൊഫ. ഡോ. എം.ആര്‍.രാഘവവാര്യര്‍ തുടങ്ങിയവര്‍ പഠനവിധേയമാക്കുകയും ആയിരത്താണ്ടുകള്‍ക്കു മുമ്പ് വേണാട്ടടികള്‍ ചില സമര്‍പ്പണങ്ങള്‍ ഇവിടേയ്ക്കു ചെയ്തതിന്‍റെ രേഖകളാണ് അവയെന്ന നിഗമനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. അക്കാലഘട്ടത്തില്‍ അങ്ങുദൂരെയുള്ള വേണാട്ടടികള്‍ ഇവിടെ സമര്‍പ്പണം ചെയ്യണമെങ്കില്‍ ഈ ക്ഷേത്രവും പ്രദേശവും എത്ര പ്രസിദ്ധമായിരുന്നിരിക്കണം! അതുകൊണ്ടുതന്നെ എത്രയോ വൈദികക്രിയകളും സത്സംഗങ്ങളുമെല്ലാം മുന്‍കാലങ്ങളില്‍ ഇവിടെ നടന്നിട്ടുണ്ടായിരിക്കണം.

കാലാന്തരത്തില്‍ പ്രാചീനമഹിമയില്‍നിന്ന് ഏറെ അപചയം പ്രദേശത്തിനും ക്ഷേത്രത്തിനും സംഭവിച്ചു. ക്ഷേത്രം തീര്‍ത്തും ജീര്‍ണിച്ചു കാടുകെട്ടി. 1960കളുടെ ആദ്യം വടക്കന്‍കേരളത്തില്‍ ഒട്ടനേകം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കാരണഭൂതനായ കൈലാസനാഥസ്വാമികള്‍ ഇവിടെയെത്തിപ്പെട്ടു. നാമജപത്തിലൂടെ പ്രദേശവാസികളായ ജനങ്ങളെ ക്ഷേത്രത്തിലേക്കാകര്‍ഷിച്ച് ക്ഷേത്രപുനരുദ്ധാരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. എവിടെയും തങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രകൃതം. അടുത്ത ക്ഷേത്രനവീകരണത്തിന് അദ്ദേഹം യാത്രയായി. ഈ കാലഘട്ടത്തില്‍ മറ്റൊരുപാസകന്‍ കൊളത്തൂരപ്പന്‍ ക്ഷേത്രത്തിലെത്തിപ്പെടുകയും കുറച്ചുകാലം ക്ഷേത്രകാര്യങ്ങളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. അനന്തരം 1966 ജൂണിലാണ് ശ്രീമദ് ഗുരുവരാനന്ദസ്വാമികള്‍ കൊളത്തൂരിലെത്തുന്നത്.

കൊയിലാണ്ടിക്കടുത്തുള്ള അരിക്കുളം, കോഴിക്കോടിനടുത്ത് എരഞ്ഞിക്കല്‍ എന്നീ പ്രദേശങ്ങളിലെല്ലാം ആശ്രമസ്ഥാപനവും മൗനവ്രതനിഷ്ഠയും ഒക്കെയായി കഴിഞ്ഞിരുന്ന ശ്രീമദ് ഗുരുവരാനന്ദ സ്വാമികള്‍ എരഞ്ഞിക്കലില്‍ അനേകദിവസം നീണ്ടുനിന്ന ഒരു സര്‍വമതസമ്മേളനം നടത്തിയിരുന്നു. കേരളത്തിലെ പ്രസിദ്ധരായ ഒട്ടനവധി പ്രഭാഷകര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ നിത്യസന്ദര്‍ശകനായിരുന്നു കൊളത്തൂരിലെ ശ്രീ. മംഗലശ്ശേരി നാരായണസ്വാമി. സമ്മേളനാനന്തരം ഉത്തരഭാരതത്തിലേക്കു പോകാന്‍ ഒരുങ്ങിയിരുന്ന ഗുരുവരാനന്ദസ്വാമികളെ ആ വര്‍ഷത്തെ മൗനവ്രതാനുഷ്ഠാനത്തിന് അദ്ദേഹം കൊളത്തൂരിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഗുരുവരാനന്ദസ്വാമികള്‍ കൊളത്തൂരിലെത്തിയത്.

കൊളത്തൂരിലെത്തിയ ശേഷം 1981 ഏപ്രിലില്‍ മഹാസമാധി പ്രാപിക്കുന്നതുവരെ സ്വാമികളുടെ പ്രവര്‍ത്തനകേന്ദ്രം കൊളത്തൂരായിരുന്നു. ക്ഷേത്രപുനര്‍നിര്‍മാണം കൂടാതെ കൊളത്തൂര്‍ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളുടെയും നിര്‍മാണം സ്വാമികളുടെ നേതൃത്വത്തില്‍ നടന്നു. മലബാര്‍പ്രദേശത്ത് അനേകം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് നേതൃത്വം വഹിച്ച സ്വാമികളുടെ കൂടെ പ്രദേശവാസികള്‍ ഐക്യത്തോടെ അണിനിരന്നപ്പോള്‍ ഈ പ്രദേശത്ത് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, ബസ്സര്‍വീസ്, പ്രാഥമികാരോഗ്യകേന്ദ്രം, വൈദ്യുതി, ടെലിഫോണ്‍, പോസ്റ്റോഫീസ്, ഖാദി നൂല്നൂല്പുകേന്ദ്രം തുടങ്ങിയവയെല്ലാം വന്നു.

1990 ജൂലൈയിലാണ് ശ്രീമത് സ്വാമി ചിദാനന്ദ പുരി കൊളത്തൂരിലെത്തുന്നത്. ആ വര്‍ഷത്തെ ചാതുര്‍മാസ്യം കഴിച്ചുകൂട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയതെങ്കിലും അനേകം സത്സംഗങ്ങളും വേദാന്തപഠനക്ലാസ്സുകളും കൊളത്തൂര്‍ ക്ഷേത്രത്തിന്‍റെ നാലമ്പല നിര്‍മാണപ്രവര്‍ത്തനവുമൊക്കയായി ആ താമസം നീണ്ടുപോയി. ഇതിനിടെ ശിവമഹിമ്നഃസ്തോത്രത്തിന്‍റെ പരമേശ്വരീയം വ്യാഖ്യാനം എഴുതി പ്രസിദ്ധീകരിച്ചു. കൊളത്തൂര്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗുരുവരാനന്ദാശ്രമം കേന്ദ്രമായി സ്വാമി ഈദൃശപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സന്ദര്‍ഭത്തിലാണ് നിത്യവും സത്സംഗത്തിലേര്‍പ്പെട്ടിരുന്ന ശ്രീ. മംഗലശ്ശേരി നാരായണസ്വാമി സ്വതന്ത്രമായ ആശ്രമപ്രവര്‍ത്തനത്തിന് ഉപകരിക്കുംവിധം ശ്രീ വല്ലോറക്കാവ് ക്ഷേത്രം കൈമാറുന്നത്. തുടര്‍ന്ന് പ്രതിമാസവേദാന്ത ക്ലാസുകള്‍, വാര്‍ഷിക ആധ്യാത്മിക അന്തര്‍യോഗങ്ങള്‍, ഉപനിഷദ്വിചാരസത്രങ്ങള്‍ തുടങ്ങിയവ അദ്വൈതാശ്രമത്തില്‍ ആരംഭിച്ചു. വിവിധപ്രദേശങ്ങളിലെ ശാസ്ത്രപഠനക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സനാതനധര്‍മസംബന്ധിയായ പ്രശ്നങ്ങളിലുള്ള ഇടപെടലുകളിലൂടെയും ക്രമേണ അദ്വൈതാശ്രമത്തിന്‍റെ പ്രവര്‍ത്തനം വ്യാപിച്ചു. സത്സംഗങ്ങള്‍ക്കു പുറമേ സാമ്പ്രദായികമായ ശാസ്ത്രപഠനത്തിനും അന്തേവാസികളായി ജിജ്ഞാസുക്കള്‍ എത്തിച്ചേര്‍ന്നു. ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന് ബ്രഹ്മവിദ്യാപീഠം സ്ഥാപിക്കാന്‍ സങ്കല്പിക്കുകയും 1995 ജനുവരി 14ന് ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് സ്ഥാനനിര്‍ണയം ചെയ്തു. 1995 ഫെബ്രുവരി 26ന് പരമപൂജനീയ മൃഡാനന്ദ സ്വാമികള്‍ ശ്രീ തിരുവങ്ങൂര്‍ നരസിംഹപാര്‍ഥസാരഥീക്ഷേത്രസമിതിയില്‍നിന്ന് അദ്യസംഭാവന സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. 1995 ഏപ്രില്‍ 15ന് പരമപൂജ്യ സിദ്ധിനാഥാനന്ദ സ്വാമികള്‍ ശിലാസ്ഥാപനം ചെയ്ത കെട്ടിടത്തിന്‍റെ ഉദ്ഘാടനം 2000 ഏപ്രില്‍ അഞ്ചിനു പൂജനീയരായ സിദ്ധിനാഥാനന്ദ സ്വാമികള്‍, മൃഡാനന്ദ സ്വാമികള്‍, പരമേശ്വരാനന്ദ സരസ്വതി സ്വാമികള്‍, ശ്രീ. പരമേശ്വര്‍ജി തുടങ്ങി നാല്പതിലേറെ സന്ന്യാസിശ്രേഷ്ഠډാരുടെയും സാംസ്കാരികനായകډാരുടെയും സാന്നിധ്യത്തില്‍ നിര്‍വഹിക്കപ്പെട്ടു. തുടര്‍ന്ന് അനേകം പഠനസത്രങ്ങള്‍ ബ്രഹ്മവിദ്യാപീഠത്തില്‍ നടന്നു. അത് ഇപ്പോഴും പൂര്‍വാധികം സജ്ജനങ്ങളുടെ പങ്കാളിത്തത്തോടെ തുടര്‍ന്നുവരുന്നു.

ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ എല്ലാ വര്‍ഷവും സമ്പൂജ്യ ചിദാനന്ദ പുരി സ്വാമികളുടെ ധര്‍മപ്രഭാഷണപരമ്പര നടന്നുവരുന്നു. പ്രസ്തുത അവസരത്തില്‍ സമൂഹത്തില്‍ വേദാന്തശാസ്ത്രത്തെ സാമ്പ്രദായികമായി പ്രചരിപ്പിക്കുന്ന ഒരു ആചാര്യന് 2009 മുതല്‍ പ്രതിവര്‍ഷം വേദാന്തരത്നം പുരസ്കാരവും നല്കുന്നു. കേരളത്തിനകത്തുള്ള ആചാര്യډാര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇതനുസരിച്ച് പൂജ്യ അധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍, ആദരണീയ പ്രൊഫ. ശ്രീ. ജി. ബാലകൃഷ്ണന്‍ നായര്‍, പൂജ്യ മുനി നാരായണപ്രസാദ്, പ്രൊഫ.ശ്രീ.എ.വി.വാസുദേവന്‍ പോറ്റി, പ്രൊഫ.ശ്രീ.ആര്‍.വാസുദേവന്‍ പോറ്റി, പൂജ്യ പ്രജ്ഞാനാനന്ദ തീര്‍ഥപാദ സ്വാമികള്‍ എന്നിവര്‍ ആദരിക്കപ്പെട്ടു. പിന്നീട്, അഖിലേന്ത്യാതലത്തിലുള്ള ആചാര്യډാരെ ആദരിക്കാന്‍ തീരുമാനമെടുത്തതിനനുസരിച്ച് സമ്പൂജ്യ ദയാനന്ദ സരസ്വതി സ്വാമികളെ വേദാന്തരത്നം പുരസ്കാരം സമര്‍പ്പിച്ച് ആശ്രമം ആദരിച്ചു.


അദ്വൈതാശ്രമത്തില്‍ നടക്കുന്ന സ്ഥിരം പരിപാടികള്‍

* എല്ലാ ഇംഗ്ലീഷ്മാസവും അവസാന ഞായറാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ വൈകു. 4.30 വരെ വേദാന്തപഠനക്ലാസ്.
* എല്ലാ ശനിയാഴ്ചകളിലും രാവിലെ 7.00 മുതല്‍ 8.30 വരെ കുട്ടികള്‍ക്കുള്ള ധര്‍മപഠനക്ലാസ്.
* എല്ലാ ഇംഗ്ലീഷ്മാസവും ഒന്നും മൂന്നും ശനിയാഴ്ചകളില്‍ വൈകു. 3.30 മുതല്‍ 5.00 വരെ നാരായണീയം പഠനക്ലാസ്.
* എല്ലാ പൗര്‍ണമിക്കും അമാവാസിക്കും ഉദയം മുതല്‍ അസ്തമയം വരെ സഹസ്രനാമപാരായണം.
* എല്ലാ വര്‍ഷവും ഏപ്രില്‍ 23 മുതല്‍ ഒരാഴ്ച സര്‍വ്വകലാശാലാതല വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ധാര്‍മികപഠനശിബിരം.
* എല്ലാവര്‍ഷവും ഗുരുപൂര്‍ണിമ മുതല്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉപനിഷദ്വിചാരസത്രം.
* എല്ലാവര്‍ഷവും പ്രഥമ ഉദയംമുതല്‍ വിജയദശമി ഉദയം വരെ അഖണ്ഡനാമജപയജ്ഞത്തോടെ നവരാത്രിസമാചാരണം.
* എല്ലാ വര്‍ഷവും ഡിസംബര്‍ 23 മുതല്‍ ഒരാഴ്ച്ചക്കാലം വാര്‍ഷിക ആദ്ധ്യാത്മിക അന്തര്യോഗം.
* എല്ലാ വര്‍ഷവും നാമജപം, സത്സംഗം എന്നിവയോടെ ശങ്കരജയന്തി, ഗുരുപൂര്‍ണിമ സമാചരണങ്ങള്‍.
* സനാതനധര്‍മപ്രചരണപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് സന്നദ്ധരും സന്ന്യാസജീവിതത്തിന് അധികാരികളുമായവര്‍ക്ക് സാമ്പ്രദായികമായി ശാസ്ത്രപഠനം ചെയ്യുന്നതിനു വേണ്ടി ദീര്‍ഘകാലപഠനസത്രം. ഇപ്പോള്‍ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനസത്രം നടക്കുന്നു.
അദ്വൈതാശ്രമവുമായി ബന്ധപ്പെടാനുള്ള വിലാസം :
കാര്യദര്‍ശി, ശ്രീ വല്ലോറക്കാവ് ക്ഷേത്രസമിതി,
അദ്വൈതാശ്രമം, കൊളത്തൂര്‍ – 673315
ഫോണ്‍ – 0495 2455050


അനുബന്ധ സ്ഥാപനങ്ങൾ